Thursday, December 25, 2014

മീശപ്പുലിമല - ഒരു യാത്രാക്കുറിപ്പ് .

          
                                 മീശപ്പുലിമല എന്ന പേരിലെ കൌതുകം മാത്രമല്ല ,ഉയരത്തില്‍ ദക്ഷിണേന്ത്യയിലെ രണ്ടാമനെന്നത് കൂടിയാണ് ആ മല  കയറാന്‍ ഞങ്ങള്‍ക്ക് പ്രേരണയായത്. മുന്നാറില്‍ നിന്ന് എട്ട് കിലോമീറ്റര്‍ കണ്ണന്‍ദേവന്‍ തേയില തോട്ടത്തിലൂടെ സഞ്ചരിച്ചാല്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡോവാലി (rhodovalley) ബേസ് ക്യാമ്പില്‍ എത്താം.അവിടെ നിന്ന് അഞ്ചു കിലോമീറ്റര്‍ കയറ്റത്തിലൂടെ പോയാല്‍ റോഡോവാലിയുടെ ഭാഗമായ മീശപ്പുലിമലയുടെ താഴ്വരയില്‍ ചെന്നെത്താം .
                                തൃപ്പുണിത്തുറയില്‍ ഞങ്ങള്‍ ഒത്തുകൂടിയത് മുന്‍നിശ്ചയിച്ച സമയത്ത് തന്നെ ആയിരുന്നെങ്കിലും , രാവിലെ പെയ്ത മഴ യാത്ര വൈകിപ്പിക്കുകയായിരുന്നു .ഗാന്ധി ജയന്തിയും വിജയദശമിയും കഴിഞ്ഞുള്ള സാധാരണ പ്രവര്‍ത്തി  ദിവസമായിരുന്നിട്ടും ആകപ്പാടെ ഒരു ഹോളിഡേ മൂഡിലായിരുന്നു നാടും വഴികളും . മുന്നാറില്‍ നീലക്കുറിഞ്ഞികള്‍ പൂത്തു എന്ന മാധ്യമവാര്‍ത്തകള്‍ അങ്ങോട്ടുള്ള വീഥികളെ തിരക്കുള്ളതാക്കി. മാട്ടുപ്പെട്ടിയിലും എക്കോ പോയിന്റിലും മറ്റും നല്ല തിരക്കും ഗതാഗത തടസ്സവുമുണ്ടായിരുന്നു .
                                 ബേസ് ക്യാമ്പില്‍ ഞങ്ങളെത്തുമ്പോള്‍  വൈകുന്നേരം നാല് മണി കഴിഞ്ഞു . റോഡോവാലിയിലേക്ക് അഞ്ചു കിലോമീറ്റര്‍ നടന്നു വേണം പോകാന്‍ എന്നറിഞ്ഞപ്പോള്‍ സമയം വൈകിയതില്‍ ചിലര്‍ക്ക്‌ മുഷിപ്പ് തോന്നി . ഒരാള്‍ അസുഖം കാരണം മുന്നാര്‍ ടൗണിലേയ്ക്ക്‌ തിരിച്ചു പോയി.എത്ര വൈകിയാലും താഴ്വരയിലെത്തണം.രാത്രിയില്‍ തങ്ങാനുള്ള സൗകര്യം അവിടെയാണ് .ബേസ്ക്യാമ്പില്‍ നിന്നും ഞങ്ങള്‍ക്ക്‌ വഴികാട്ടിയായി ഒരാള്‍ മുന്നില്‍ നടന്നു .ശെല്‍വ പാണ്ടി , അതായിരുന്നു അയാളുടെ പേര് . കൈലിമുണ്ടും ബനിയനും ധരിച്ച ഒരു സാധാരണക്കാരന്‍ . ഞങ്ങളെ താഴ്വരയില്‍ എത്തിക്കുകഎന്നതാണ് അയാളുടെ ജോലി .ആണിന്റെയും പെണ്ണിന്റെയും അല്ലാത്ത നേര്‍ത്ത് കുറിയ ശബ്ദമായിരുന്നു അയാള്‍ക്ക് .പറയുമ്പോള്‍ മുറിഞ്ഞും താഴ്ന്നും പോകുന്ന ഉച്ചാരണം .എന്നോ തിരുനെല്‍വേലിയില്‍ നിന്ന് വന്നു ഇവിടെ കൂടിയതാണ് .ഒരു വശത്തേയ്ക്ക്  ചാഞ്ഞു ചാഞ്ഞുള്ള നടപ്പോടെ അയാള്‍ ഞങ്ങളെ മുന്നോട്ടു നയിച്ചു.ജീപ്പ് കയറുന്ന കല്ലും മണ്ണും ഇടയ്ക്കിടെ ചെളിയുമുള്ള പാത ഒഴിവാക്കി കുറുക്കുവഴികളിലൂടെയാണ് ഞങ്ങള്‍ നടന്നത് .കൂട്ടത്തില്‍ മുതിര്‍ന്നവരായ ശിവരാമന്‍, രാമന്‍കുട്ടി, ബോസ് എന്നിവര്‍ക്ക് പിന്നാലെ സുരേഷും ശിവദാസും ഞാനും ഒരാള്‍ക്ക്‌ പിറകെ മറ്റൊരാള്‍ എന്ന നിലയില്‍ നടന്നു .  കുറച്ചു കഴിഞ്ഞപ്പോള്‍ ജീപ്പിന്റെ വീല്പ്പാട് പതിഞ്ഞ മണ്‍പാതയിലേയ്ക്ക് ഞങ്ങള്‍ പ്രവേശിച്ചു .അത്ര ചെറുതല്ലാത്ത കയറ്റത്തിലൂടെയായിരുന്നു യാത്ര .തോളിലെ ബാഗിന്റെ ഭാരവും കൂടിച്ചേര്‍ന്നപ്പോള്‍ നടപ്പിന്റെ വേഗം കുറഞ്ഞിരുന്നു . വഴിയുടെ ഇരുവശങ്ങളിലും കാടും മലയും മരങ്ങളുമാണ് . ചിലഭാഗങ്ങളില്‍ കെട്ടിയിരുന്ന വൈദ്യുത കമ്പിവേലി കാട്ടുമൃഗങ്ങളുടെ സാന്നിധ്യം അറിയിച്ചു .
                                 വെയില്‍ മഞ്ഞയായി . വൈകാതെ സന്ധ്യയാകും. അപ്പോഴാണ്‌ ശിവദാസിന്റെ കാലില്‍ അട്ട കടിച്ചിരിക്കുന്നത് കണ്ടത് .വേഗം ബാഗില്‍ കരുതിയിരുന്ന ഉപ്പ് എടുത്തു കാലില്‍ ഇട്ടു .ഉടന്‍ അട്ട വിട്ടുപോയി .കാലിലെ മുറിവില്‍ നിന്ന് ചോര പൊടിഞ്ഞിരുന്നു. ഉപ്പ് തിരികെ വെയ്ക്കുമ്പോള്‍ ബാഗിനുള്ളിലെ french v s o p പുറത്തേയ്ക്ക് നോക്കി .ഒരാള്‍ക്ക്‌ അട്ട കടിച്ച വിഷമം തീര്‍ക്കണം .മറ്റുചിലര്‍ക്ക് നടപ്പിന്റെ ക്ഷീണമകറ്റണം.ആദ്യം ഗ്ലാസില്‍ ഒഴിച്ചത് ശെല്‍വ പാണ്ടിക്ക് നേരെ നീട്ടി .അയാള്‍ ഗ്ലാസിലേയ്ക്ക് നോക്കി മഖം ചുളിച്ചു .സംഗതി മനസ്സിലാക്കി കുറച്ചു കൂടി ഒഴിച്ച് കൊടുത്തു .അയാളുടെ മുഖം വിടര്‍ന്നു .നീട്ടിയ വെള്ളത്തിന്‌ കാത്തുനില്‍ക്കാതെ ഒറ്റവലിക്ക് അയാളത് അകത്താക്കി .അതിനുശേഷം ചോദിച്ച് വാങ്ങിയ വെള്ളം കൊണ്ട് മുഖം കഴുകി ഉന്മേഷവാനായി . ഉശിരുകൂടിയ ശെല്‍വ പാണ്ടി രാമന്‍കുട്ടി സാറിന്റെ വലിയ ബാഗ് വാങ്ങി തലയില്‍ വെച്ച് മുന്നില്‍ നടന്നു . ഇടയ്ക്ക് തിരിഞ്ഞു നിന്ന് ഇനിയാരുടെയെങ്കിലും ബാഗ് എടുക്കണോ എന്ന് ചോദിച്ചെങ്കിലും ഞങ്ങള്‍ വേണ്ടെന്നു പറഞ്ഞു .വഴിയിലാകെ ഇരുട്ട് വീണു കഴിഞ്ഞിരുന്നു .ശിവദാസിന്റെ പക്കലുണ്ടായിരുന്ന  ചെറിയൊരു  ടോര്‍ച്ചിന്റെ വെളിച്ചം ഒരു വെന്നിലാവ്‌ കണക്കെ മുന്നേ നടന്നു.തളര്‍ച്ചയും ക്ഷീണവുമായി റോഡോവാലിയിലെ ക്യാമ്പിലെത്തിയ ഞങ്ങള്‍ക്ക്‌ കട്ടന്‍ചായയും ബിസ്കറ്റും പഴവും മറ്റും ഒരുക്കി വെച്ച്‌ വിശ്രമമൊരുക്കി ,ക്യാമ്പിലെ ജീവനക്കാര്‍ .
                                 ഞങ്ങള്‍ അവിടെ എത്തുന്നതിനു മുന്‍പ് തന്നെ ക്യാമ്പ്‌ഫയര്‍ ഒരുക്കിയിരുന്നു .മഞ്ഞും തണുപ്പും തുള്ളിയെടുക്കുന്ന മഴയും. എല്ലാത്തിനെയും എരിച്ചുകളയുന്ന തീയും .ക്യാമ്പ്‌ ഫയറിനു ചുറ്റുമിരുന്നു വര്‍ത്തമാനം .പാട്ട്. ശിവദാസും ബോസ് സാറും മത്സരിച്ച് പാടി .മഴ കൂടിയ നേരത്ത് കുട നിവര്‍ത്തി നിന്ന് പാടി . രാത്രിഭക്ഷണം കഴിക്കാന്‍ ക്യാമ്പ്‌ ജോലിക്കാരന്‍ വന്നു വിളിക്കുന്നത്‌ വരെ പാട്ടിന്റെ പാലാഴി തീര്‍ത്തുകൊണ്ടിരുന്നു .
                                  ക്യാമ്പ്‌ കെട്ടിടത്തിനു പുറത്ത്‌ മുറ്റത്ത്‌ തയ്യാറാക്കിയ താത്കാലിക ടെന്റുകളില്‍ ആയിരുന്നു രാത്രിയുറക്കം. ഒരു ടെന്റില്‍ രണ്ടു പേര്‍ക്ക് കിടന്നുറങ്ങാം . നിലത്ത് വിരിച്ച , തണുപ്പ് ഏല്‍ക്കാത്ത കമ്പിളിഷീറ്റില്‍ ശരീരം ഒരു സ്ലീപിംഗ് ബാഗില്‍ തിരുകി കയറ്റി ഞങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും   ക്യാമ്പ്‌ ഫയറിലെ കനല്‍ കെടാതെ കിടന്നിരുന്നു .
                                    പിറ്റേന്ന് രാവിലെ തെളിഞ്ഞ ആകാശമായിരുന്നു. നേരിയ തണുപ്പുണ്ട് .ഞങ്ങള്‍ മീശപ്പുലിമല ലക്ഷ്യമാക്കി നടന്നു .വഴികാട്ടിയായി തിരുവല്ലക്കാരന്‍ സാബുവുണ്ട് കൂടെ .ഡിപ്പാര്‍ട്ടുമെന്റിലെ താല്‍ക്കാലിക ജീവനക്കാരനാണ് .ഉയരം കൂടിയതും കുറഞ്ഞതുമായ ഏഴോളം കുന്നുകളും മലകളും കടന്നുവേണം പുലിമലയുടെ മുടിയിലെത്താന്‍.. ..വലിയ ആയാസമില്ലാതെ നടന്നു കയറാന്‍ ചായ്‌വുള്ളതായിരുന്നു ഒന്നാം മല. അതിന്റെ ചെരുവില്‍ നിറയെ പുല്ലും, ഉണങ്ങിയതെന്നു തോന്നിക്കുന്ന ചില്ലകളില്‍ വെളുത്ത പൂക്കളോടുകൂടിയ  ഒരു തരം മരങ്ങളും, വൈരക്കല്ല് പോലെ തിളങ്ങുന്ന പൂക്കളുള്ള പേരറിയാത്ത ചെടികളും കണ്ടു. ആ മലയുടെ മുകള്‍ഭാഗം പരന്നതും കുറെയധികം വിസ്തൃതവുമാണ്.വരയന്‍ ആടുകളുടെ മേച്ചില്‍പ്പുറമാണിവിടം. താഴെ ഒന്ന് രണ്ടു കുന്നുകള്‍ വയലറ്റ് നിറമാര്‍ന്ന് നില്‍ക്കുന്നു . നീലക്കുറിഞ്ഞി പൂത്തതാണ്.ഞങ്ങള്‍ താഴെക്കിറങ്ങി,ഉരുളന്‍ കല്ലുകളും പുല്ലും നിറഞ്ഞ ഒരു വഴിപ്പാടിലൂടെ.അപ്പോള്‍ താഴെ ഇടതുവശത്ത് പച്ചമരക്കൂട്ടങ്ങള്‍ കണ്ടു . അതൊരു കാട്ടുചോലയാണ് . പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന്റെ കലവറകളാണ് അവിടവിടെ കാണപ്പെടുന്ന ഈ കാട്ടുചോലകള്‍ . മുന്‍പ്‌ കണ്ട വയലറ്റ് കുന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ കൈയെത്തുന്ന ദൂരത്താണ്. ചെടികളും പൂക്കളും നിറഞ്ഞ ഒരു മൊട്ടക്കുന്നായിരുന്നു അത് .അല്പസമയം ആ താഴ്വാരത്തില്‍ തങ്ങിയതിനു ശേഷം യാത്ര തുടര്‍ന്നു. മുന്നില്‍ അടുത്ത മലയുണ്ട് .അതിന്റെ ചെരുവില്‍  ചെറിയൊരു അരുവിയുണ്ടായിരുന്നു . വശങ്ങളിലെ പാറകളില്‍ തട്ടി കളകളാരവം മുഴക്കി ഒഴുകുന്നൊരു ജലധാര . നല്ല തണുപ്പായിരുന്നു അതിലെ വെള്ളത്തിന്‌ . കുറച്ചു നേരം അവിടെ ചെലവഴിച്ചതിനുശേഷം, കുപ്പികളില്‍ വെള്ളവും നിറച്ച് , വീണ്ടും കയറാന്‍ തുടങ്ങി.
                                    മിക്കവാറും എല്ലാ മൃഗങ്ങളും ഇവിടെയുണ്ട് , സിംഹവും കരടിയും ഒഴികെ. പച്ചിലപാമ്പ്‌ അല്ലാതെ മറ്റൊരു പാമ്പും ഇല്ലത്രേ .ഇടതിങ്ങി ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലിനുള്ളിലൂടെയാണ് ഇപ്പോള്‍ ഞങ്ങളുടെ യാത്ര . പുല്ലു വകഞ്ഞു മാറ്റിയാണ് ചിലപ്പോള്‍ മുന്നോട്ടു നീങ്ങിയത്.
ഒരാള്‍ക്ക് മാത്രം നടന്നു പോകാവുന്ന വഴിയാണ് .ഓരോരുത്തരും പിന്നാലെ പിന്നാലെ നടന്നു . മനുഷ്യരല്ല,മൃഗങ്ങളാണ് ഈ വഴിച്ചാലുകള്‍ നിര്‍മിച്ചത് .അവ സഞ്ചരിക്കുന്നത് ഈ ചാലുകളിലൂടെയാണ് . ഇത് അവയുടെ വഴിയാണ് . ഇടയ്ക്കിടെ കാണപ്പെട്ട  ആനപ്പിണ്ടവും പുലിയുടെ കാഷ്ഠവും അക്കാര്യം ഉറപ്പിക്കുന്നതായിരുന്നു .
                                ചെറുതുംവലുതുമായ കുന്നുകളും മലകളും പിന്നിട്ട്,    വെളുപ്പും മഞ്ഞയും ചുവപ്പും വയലറ്റും നിറങ്ങളിലുള്ള അനേകം പൂക്കള്‍ വിടര്‍ന്നും വാടിയും നില്‍ക്കുന്ന ഒരു ചെരുവിലൂടെ ഞങ്ങള്‍ ഇറങ്ങി വന്നത് മീശപ്പുലിമലയുടെ അടിവാരത്തായിരുന്നു .കുത്തനേയുള്ള കയറ്റമാണ് മുകളിലേയ്ക്ക് .നടക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടര മണിക്കൂര്‍ ആയിരിക്കുന്നു .നല്ല ക്ഷീണമുണ്ട് എല്ലാവര്‍ക്കും.എങ്കിലും തങ്ങളുടെ ലക്ഷ്യസ്ഥാനം എത്തിയിരിക്കുന്നു എന്നത് എല്ലാവരെയും ഉത്സാഹഭരിതരാക്കി. മലയിടുക്കുകളില്‍  ചുവന്ന പൂക്കള്‍ജെ വിടര്‍ത്തി പടര്‍ന്നു നില്‍ക്കുന്ന റോടോറാൻഡ്രം(Rhodorandrum) എന്ന പൂമരം അതിമനോഹരമായിരുന്നു.നീലഗിരിമലനിരകളിലും പളനിമലനിരകളിലും ഇവയെ കാണാം.നേപ്പാളിന്റെ ദേശീയപുഷ്പം കൂടിയാണ് പുല്മേടിന്റെ ഈ വർണ്ണ വിസ്മയം.
'പലതരം പൂക്കള്‍ നിറഞ്ഞ കുന്നിന്‍ ചെരിവുകള്‍ വര്‍ണ്ണശബളിതങ്ങള്‍' എന്ന ഇടശ്ശേരിക്കവിതയെ ഓര്‍മിപ്പിക്കുന്ന മനോഹാരിത.

                                   മലമുകളില്‍ ആദ്യമെത്തിയത് രാമന്‍കുട്ടി സാറാണ് .അതിന്റെ ആവേശം മുഖത്തുണ്ട്  .യാത്രയുടെ തുടക്കം മുതല്‍ അദേഹത്തിന്റെ ഉള്ളില്‍ ആശങ്കയുണ്ടായിരുന്നു .ഇത്രയും ഉയരമുള്ള ഒരു മലമുടി കയറാന്‍ വേണ്ടത്ര ഹോം വര്‍ക്ക്‌  ചെയ്തിട്ടില്ല എന്നതായിരുന്നു കാരണം. അതായിരിക്കാം  എപ്പോഴും എല്ലാവര്ക്കും മുന്നേ നടക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും . 7500 അടി ഉയരമുള്ള കൊടുമുടി കയറിയ ആവേശം എല്ലാ ആശങ്കകളെയും ഇല്ലാതാക്കി .ഒരു പിരമിഡിന്റെ ആകൃതിയില്‍ നീണ്ടു പരന്നതാണ് മലയുടെ മുകള്‍ ഭാഗം .അതിന്റെ ഒരു വശത്ത് അഗാധതയില്‍ കാണപ്പെടുന്നത് തമിഴ്നാടിന്റെ കമ്പവും തേനിയുമൊക്കെയാണ് .പക്ഷെ അതിമനോഹരമായ ആ കാഴ്ച എവിടെ നിന്നോ വന്ന മൂടല്‍മഞ്ഞ് ഞങ്ങളില്‍ നിന്നും മറച്ചുകളഞ്ഞു .തമിഴ്നാടിനെയും കേരളത്തെയും വേര്‍തിരിക്കുന്ന ഒരു വലിയ പാറക്കല്ല് അവിടെ സ്ഥാപിച്ചിരുന്നു .അപ്പോള്‍ നാട്ടുച്ചയായിരുന്നു .നല്ല വിശപ്പും . സാബു തോള്‍സഞ്ചിയില്‍ കരുതിയിരുന്ന ഭക്ഷണപൊതി അഴിച്ചു. .ചപ്പാത്തിയും ഗ്രീന്‍പീസുമായിരുന്നു .ഭക്ഷണം കഴിഞ്ഞിട്ടും മൂടല്‍മഞ്ഞ് മാറിയിരുന്നില്ല .അധികം കഴിയും മുന്‍പേ അപ്രതീക്ഷിതമായി മഴ ചാറാന്‍ തുടങ്ങി .ഇനി അവിടെ നില്‍ക്കുന്നത് നന്നല്ല എന്ന ഗൈഡിന്റെ അഭിപ്രായം മാനിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു .
                           
 തിരിച്ചിറക്കം മറ്റൊരു വഴിയിലൂടെയാണ് .കയറ്റവും ഇറക്കവുമായി 6 കിലോമീറ്ററുണ്ട് ക്യാമ്പിലെത്താന്‍ .മഴ കനത്തു പെയ്യാന്‍ തുടങ്ങി .മഴയത്തുള്ള മലയിറക്കം രസകരമായി എനിക്ക് അനുഭവപ്പെട്ടെങ്കിലും ,ഇടിയും മിന്നലും എല്ലാവരുടെയും ഉള്ളില്‍ ഭയം വിതച്ചു .വലിയ മരങ്ങള്‍ ഒന്നുമില്ലാത്ത സ്ഥലമാണ് .കുത്തനെയുള്ള ചെരിവുകള്‍ ഇറങ്ങുമ്പോള്‍ കാല്‍ വഴുതാതെ ശ്രദ്ധിക്കണം .വഴിച്ചാലിലൂടെ മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം കാരണം വേഗത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല .ധൃതി പിടിച്ചിട്ടു കാര്യമില്ല .സാവകാശം നടക്കുക തന്നെ .താഴ്നിലങ്ങളില്‍ മഴവെള്ളം കെട്ടി കിടന്നു .തോളിനൊപ്പം ഉയരമുള്ള നീളന്‍ പുല്ലായിരുന്നു അവിടെ മുഴുവന്‍ .ഇടയ്ക്കിടെ ചെറിയ  കനാലുകളും കൈത്തോടുകളും ഉണ്ടായിരുന്നു.മിന്നല്‍ പിണരുകള്‍ താഴോട്ട് എത്തിനോക്കുന്നുണ്ട് ,പലപ്പോഴും . നല്ല തണുത്ത മഴയാണ് .പൊടിപടലങ്ങളും മാലിന്യങ്ങളും ഇല്ലാത്ത ശുദ്ധമായ മഴ .ഇത് നാട്ടില്‍ കിട്ടില്ല .ഇതുപോലുള്ള മലകളിലും കാടുകളിലും മാത്രമേ ലഭിക്കൂ .പ്രകൃതിയുടെ വരദാനം ആവോളം മുകര്‍ന്നുകൊണ്ട് സഹായാത്രികരോടൊപ്പം ഞാനും കുന്നിറങ്ങിക്കൊണ്ടിരുന്നു.

9 comments:

  1. നല്ല വിവരണം ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. തകർത്തു: ഇനി മല കയറിയാലേ കലിപ്പ് തീരൂ

      Delete
  3. കലക്കി ,ഇനി മലയറിയാലേ കലിപ്പ് തീരൂ ....

    ReplyDelete