Wednesday, February 04, 2015

ഞാനുമെന്‍ രാധയും ഗീതയും വാഴണം .


                                                                     പത്തിരുപത് വര്‍ഷം മുന്‍പ് മത്തായി പറഞ്ഞു കേട്ടതാണ്  മേല്‍കൊടുത്തിരിക്കുന്ന തലവാചകം  . ഞങ്ങളന്നു ഒരു പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നവരാണ്. ഇടവേളകളില്‍ മറ്റുള്ളവരെ ചിരിപ്പിക്കാനും തന്‍റെ കഥാകഥനശേഷി വെളിപ്പെടുത്താനുമായി മത്തായി രസകരങ്ങളായ നിരവധി കൊച്ചുകൊച്ചു ആഖ്യാനങ്ങള്‍ നടത്തിയിരുന്നു.അദ്ദേഹം ഇപ്പോള്‍ ഒരു സ്കൂള്‍ അധ്യാപകനാണ് . താളനിബദ്ധമായ ഒരു പാട്ടോ  കവിതയോ പോലെ മനോഹരമായ മേല്‍വാചകത്തോടൊപ്പം അതിന്‍റെ ആദ്യവരികൂടി ചേര്‍ക്കുമ്പോള്‍ ഇങ്ങനെ വായിക്കാം.                                                                                                                                    '                                                                                    'ആശാരിവര്‍ഗം മുഴുവന്‍ നശിക്കണം                                                 
ഞാനുമെന്‍ രാധയും  ഗീതയും വാഴണം'.                                                                   മത്തായി പറഞ്ഞ കഥയിലെ നായകന്‍ ഒരു ആശാരിയാണ്‌. നല്ലൊരു മരപ്പണിക്കാരന്‍.ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ വയല്‍വക്കത്തെ കള്ളുഷാപ്പില്‍ കയറി ശരിക്കൊന്നു പൂസായിട്ടേ കക്ഷി വീട്ടിലേയ്ക്ക് പോകൂ. അതൊരു ശീലമാണ് . മേലനങ്ങി പണിയെടുക്കുന്നവന്‍ അന്തിക്കിത്തിരി കള്ളുമോന്തുന്നത് ഒരു നാട്ടുനടപ്പാണ്, അന്നും ഇന്നും നമ്മുടെ നാട്ടില്‍.അതൊരു കുറ്റമായി ആരും കണ്ടിട്ടുമില്ല .മാത്രമല്ല പലരുടേയും തനിസ്വരൂപം  പുറത്തുവരുന്നത്‌ കള്ളു തലയ്ക്കു പിടിക്കുമ്പോഴാണ് എന്നത് ഒരു ചരിത്രസത്യവുമാണ് .നമ്മുടെ കഥാനായകനും ഇപ്പറഞ്ഞതില്‍ നിന്നും വ്യത്യസ്തനല്ല . തലക്കുള്ളില്‍ ലഹരി  നുരയാന്‍ തുടങ്ങുമ്പോള്‍ നാവിന്‍തുമ്പത്ത് പാട്ട്  പതയാനും  തുടങ്ങും ...'ആശാരി വര്‍ഗം മുഴുവന്‍ നശിക്കണം ,ഞാനുമെന്‍ രാധയും ....... '.  ഷാപ്പില്‍ തുടങ്ങി വീടെത്തുന്നത് വരെയാണ്  പാട്ടിന്‍റെ  ആയുസ്സ്. വഴി നീളെ ആവര്‍ത്തിക്കപ്പെടുന്ന  രണ്ട് വരികള്‍ മാത്രമുള്ള പാട്ട്  ആരോഹണത്തിലും അവരോഹണത്തിലും വ്യക്തതയിലും അവ്യക്തതയിലും മുങ്ങിപൊങ്ങി കരയ്ക്കടുക്കുമ്പോള്‍ ഒരു നേരമാകും .ചിലപ്പോള്‍ അതിനൊരു  മുദ്രാവാക്യത്തിന്‍റെ സ്വഭാവം കൈവരാറുണ്ട്.                                                
                                          പാട്ടില്‍ പറയുന്ന  പേരുകളില്‍ രാധ ഇദ്ദേഹത്തിന്‍റെ  ഭാര്യയും ഗീത മകളുമാണ് എന്നതുകൂടി അറിയുന്നത് പാട്ടിനെ സരസവും കേള്‍ക്കാന്‍ ഇമ്പവുമുള്ള ഒരു നാടന്‍ ശീല് എന്നതിനപ്പുറമുള്ള ചിലചിന്തകളിലേക്ക്നമ്മെ കൊണ്ടുപോകുന്നുണ്ട്‌ .താനും കുടുംബവും ഒഴിച്ചു തന്‍റെ വംശമാകെ മുടിഞ്ഞു പോട്ടേയെന്നു ഒരാള്‍ ഹൃദയത്തില്‍ തൊട്ടു ഉച്ചരിക്കുമ്പോള്‍ കേള്‍വിക്കാരില്‍ ചിലരെങ്കിലും അതിലെ അന്തര്‍വിചാരമന്വേഷിക്കാതിരിക്കില്ല .സാമൂഹികവും വ്യക്തിനിഷ്ഠവുമായ കാരണങ്ങള്‍ ഉണ്ടെന്നു വേണം കരുതാന്‍.നാടും നഗരവും മാത്രമല്ല പൌരാണിക കാലത്ത് വിമാനങ്ങള്‍ വരെ നിര്‍മ്മിച്ചവര്‍ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന് ദാരിദ്ര്യവും അവഗണനയും മാത്രമാണ് നീക്കിയിരിപ്പായിട്ടുള്ളത് എന്ന നിരാശാബോധത്തില്‍ നിന്ന് ഉത്ഭവിച്ചതാകാം ഈ   വാമൊഴിപ്പാട്ട് . 'എങ്കില്‍പിന്നെ ഞങ്ങളെയങ്ങ് കൊന്നു കൂടെ 'എന്ന നിവൃത്തികേടിന്‍റെ  ക്ലീഷേ ഡയലോഗ് ഈയവസരത്തില്‍ ഓര്‍ക്കുക.പക്ഷെ അതും ഇവിടെ പാകമാകുന്നില്ല.കാരണം താനും തന്‍റെ കുടുംബവും നശിക്കണം എന്നല്ല, മറിച്ച്തങ്ങള്‍ ഒഴികെ കുലമാകെ മുടിയണം എന്നതാണ് പ്രാര്‍ത്ഥന .അക്കാലത്ത്, ഒരു കള്ളുകുടിയന്റെ ജല്പനമായോ അല്ലെങ്കില്‍ വിമര്‍ശനാത്മകമായ ഫലിതമായോ മാത്രമേ ജനം ഇതിനെ കണ്ടിരുന്നുള്ളൂ . നിഷ്കളങ്കമായൊരു സ്വാര്‍ത്ഥത .വര്‍ത്തമാനകാലത്തിലേക്ക് വന്നു ചിന്തിക്കു. അയാള്‍'കുലംക്കുത്തി'യും  കല്ലെറിയപ്പെടേണ്ടവനും വംശവിരുദ്ധനുമൊക്കെ ആയിതീരുന്നു.സഹിഷ്ണുതയും സഹനശേഷിയും അപരന്‍റെ  അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കാനുള്ള ഉന്നത ജനാധിപത്യമൂല്യബോധവും ,മത-രാഷ്ട്രീയ -സാമുദായിക-ഫാസിസ്റ്റ്കള്‍ക്ക് മുന്നില്‍ അടിയറവെച്ച് പെരുമാള്‍ മുരുകന്മാരെ സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനത്തിലേക്ക് നാം അധപതിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യമാണ്ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്‌.
                                      മനുഷ്യന്‍റെ  സ്വാര്‍ഥതക്ക് അവനോളം തന്നെ പഴക്കമുണ്ട്. ഭക്തി, വിശ്വാസം, പ്രാര്‍ത്ഥന, രാഷ്ട്രീയം, സുഹൃത്ബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍ തുടങ്ങി അവന്‍ എവിടെയെല്ലാം ഇടപെടുന്നോ അവിടെയെല്ലാം അവന്‍റെ  സ്വാര്‍ഥതയും കൂട്ടിനുണ്ട് .വ്യക്തിപരവും സാമൂഹികവുമായ തലത്തിനപ്പുറം സമകാല കക്ഷി രാഷ്ട്രീയ രംഗത്തും ഇതേ മനോഭാവം കാണാനാകും. അപ്പനപ്പൂപ്പന്മാരായി നട്ടുവളര്‍ത്തി  പരിപാലിച്ച്'തലമുറ തലമുറ കൈമാറി 'കൊണ്ടുനടക്കുന്ന പ്രാദേശിക രാഷ്ട്രീയ കക്ഷികളില്‍ മുതല്‍ വായപോയ കോടാലി പോലെ നാഴികക്ക് നാല്‍പ്പതുവട്ടം  വിപ്ലവത്തിന്‍റെ  കുത്തക അവകാശപ്പെടുന്ന കേഡര്‍പാര്‍ട്ടികളില്‍ വരെ കണ്ടുവരുന്ന 'താനും തന്‍റെ അനുചരവൃന്തവും'എന്ന പ്രവണതയേയും ഈയവസരത്തില്‍  ഓര്‍ക്കാവുന്നതാണ് .
                                      ഇവിടെ നമ്മുടെ കഥാനായകന്റേത് നിഷ്കളങ്കമായ ഒരുതരം സ്വാര്‍ഥത എന്ന നിലയില്‍ കാണുവാനുള്ള വിവേകജന്യമായ സഹിഷ്ണുത ജനത്തിന് ഉണ്ടായിരുന്നു എന്നത് കൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങളെ അതിന്‍റെ  പാട്ടിനു വിടാന്‍ കഴിഞ്ഞത് . ഈ സഹിഷ്ണുതയും ജനാധിപത്യബോധവും ഉരിത്തിരിഞ്ഞത് കേരളത്തിലുള്‍പ്പെടെ നാടിന്റെ നാനഭാഗങ്ങളിലുണ്ടായ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും ജാതിവിരുദ്ധപോരാട്ടങ്ങളുടെയും ഫലമായിട്ടാണ് .എന്നാല്‍ ഇന്നാകട്ടെ നമ്മള്‍ ആര്‍ജിച്ച നവോത്ഥാനമൂല്യങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ തക്കവണ്ണം ശക്തി നേടിയിരിക്കുന്നു ഇവിടുത്തെ മതമൌലിക ഫാസിസ്റ്റ് ശക്തികള്‍.അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഭരണകൂടത്തിന്‍റെ  ഒത്താശയോടെ ഹിന്ദു വര്‍ഗീയ വാദികള്‍ പെരുമാള്‍ മുരുകനെതിരെ തിരിഞ്ഞ സംഭവം .
രായിരനെല്ലൂരിലെ നാറാണത്ത്ഭ്രാന്തന്‍
                
   രായിരനെല്ലൂരില്‍ ബസ്സിറങ്ങി               കുന്നിന്‍മുകളിലെ നാറാണത്ത്സന്നിധിയിലേക്ക് നടന്നു കയറുമ്പോള്‍ മനസ്സിലേക്കെത്തിയതാണ് മുകളില്‍ കുറിച്ചത് .സമയം ഉച്ച കഴിഞ്ഞിരുന്നു .മലമുകളിലെ സൂര്യന്‍ പടിഞ്ഞോട്ട് ചായാന്‍ തുടങ്ങുന്നു.ഇപ്പോള്‍ സൂര്യന് അഭിമുഖമായി നിന്നുകൊണ്ട് ഒരു വലിയ കല്ല്‌ താഴേക്ക് ഉരുട്ടാന്‍ തയ്യാറെടുക്കുന്ന നാറാണത്ത് ഭ്രാന്തന്‍റെ  ശില്‍പം കാണാം .കുറച്ചു മാറി ഒരു ദേവീ ക്ഷേത്രം .ദേവിയെ പ്രതിഷ്ഠിച്ചത്‌ നാറാണത്ത് ഭ്രാന്തനെന്നു വിശ്വാസം .ഏറെ അദ്ധ്വാനിച്ച് മലമുകളിലേക്ക് ഉരുട്ടി കയറ്റിയ വലിയ പാറക്കല്ല് താഴേക്കു ഉരുട്ടിവിട്ടു അത് നോക്കി പൊട്ടിച്ചിരിച്ച ഭ്രാന്തന്‍. ജീവിതമെന്ന അസംബന്ധ സമസ്യക്ക് പിന്നാലെ ആര്‍ത്തിയോടെ പായുന്ന മനുഷ്യസമൂഹത്തിന്‍റെ അര്‍ത്ഥരാഹിത്യത്തിനു  നേരെയുള്ള അതേ പരിഹാസം തന്നെയാണ് 'ആശാരിവര്‍ഗം മുഴുവന്‍ നശിക്കണം ഞാനുമെന്‍ രാധയും ഗീതയും വാഴണം 'എന്ന , ആത്മനിന്ദാപരമെന്ന്‍ പുറമേ തോന്നിക്കുന്ന വരികളുടെ സാരവും എന്ന് അപ്പോള്‍ എനിക്ക് തോന്നി  .ക്ഷമയും ആത്മനിയന്ത്രണവും സഹിഷ്ണുതയും ഉള്‍ച്ചേരുന്ന ഉന്നതമായൊരു ജനാധിപത്യബോധം ഇനി എന്നാണാവോ നമുക്കാര്‍ജിക്കാന്‍ കഴിയുക.
                                  
                           
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              

                                  
                           
                       

No comments:

Post a Comment